
ശതകോടികളുടെ തട്ടിപ്പും കള്ളപ്പണഇടപാടും നടന്നിട്ടുണ്ടെന്ന് ഇ ഡി കണ്ടെത്തിയ കേസ്സാണ് മൈസൂരു അർബ്ബൻ ഡവലപ്പ്മെന്റ് അതോറിറ്റിയിലെ ( മുഡ) പ്ലോട്ട് അഴിമതി. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പത്നി പാർവ്വതിയ്ക്ക് പതിനാല് പ്ലോട്ടുകൾ അനധികൃതമായി അനുവദിച്ചിരുന്നതിനാൽ കേസ് വന്നതും വാർത്തകളിൽ നിറഞ്ഞതും ആ ഇടപാട് കേന്ദ്രീകരിച്ചായിരുന്നു. മുഖ്യമന്ത്രിയെയും പത്നിയെയും പ്രതികളാക്കി ലോകായുക്ത കേസ് രജിസ്റ്റർ ചെയ്തതോടെ ഇ ഡിയും അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രിയ്ക്കും പത്നിയ്ക്കും അനധികൃത ഇടപാടിൽ പങ്കില്ലെന്നുള്ള ലോകായുക്തയുടെ റിപ്പോർട്ട് ഹൈക്കോടതി ശരി വെയ്ക്കുകയായിരുന്നു. സംഭവം വിവാദമായതോടെ തനിക്ക് ലഭിച്ച പ്ലോട്ടുകൾ മുഖ്യമന്ത്രിയുടെ പത്നി മുഡയ്‌ക്ക് തിരിച്ചുനൽകിയിരുന്നു. ഇ ഡിയാകട്ടെ വിപുലമായ അന്വേഷണമാണ് നടത്തിയത്. നഗരവികസനത്തിനായി ഭൂമി ഏറ്റെടുത്തതിന് നഷ്ടപരിഹാരമായി വികസിത മേഖലയിൽ പ്ലോട്ടുകൾ അനുവദിക്കുന്ന സംവിധാനം അട്ടിമറിച്ചാണ് അനർഹർക്ക് അനധികൃതമായി പ്ലോട്ടുകൾ വിതരണം ചെയ്തത്. ശതകോടികൾ വിലമതിക്കുന്ന ആയിരത്തിലേറെ പ്ലോട്ടുകൾ അനധികൃതമായി വിതരണം ചെയ്തിട്ടുണ്ടെന്നും കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നുമാണ് ഇ ഡി കണ്ടെത്തിയത്. നൂറുകോടിയിലേറെ വിലമതിക്കുന്ന ഏതാനും പ്ലോട്ടുകളും കെട്ടിടങ്ങളും ഇതിനകം ഇ ഡി കണ്ടുകെട്ടിയിട്ടുണ്ട്. 2022-24 കാലയളവിൽ മുഡ കമ്മീഷണറായിരുന്ന ജി ടി ദിനേഷ് കുമാറിനെ ഇ ഡി ബംഗളുരുവിൽ അറസ്റ്റുചെയ്തു. അദ്ദേഹത്തിന്റെ വസതിയും സ്വത്ത് വകകളും റെയ്ഡ് ചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ്. പ്രത്യേക കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തെ ഒമ്പത് ദിവസത്തെ ഇ ഡി കസ്റ്റഡിയിൽ വിട്ടു. മറ്റു ചില മുൻകമ്മീഷണർമാർക്കും ഇതര ഉദ്യോഗസ്ഥർക്കും ഈ ഇടപാടിൽ പങ്കുണ്ടെന്ന സൂചനയാണ് ഇ ഡി നൽകുന്നത്. കൃത്രിമ രേഖകൾ ചമച്ച് കോടികൾ വിലയുള്ള പ്ലോട്ടുകൾ അനർഹർക്ക് അനധികൃതമായി അനുവദിക്കുന്ന ഇടപാടാണ് നടന്നിട്ടുള്ളത്. ബെനാമികളുടെ പേരിൽ അനുവദിക്കുന്ന പ്ലോട്ടുകൾ മറിച്ചുവിട്ട് സമ്പാദിക്കുന്ന കള്ളപ്പണം ഉദ്യോഗസ്ഥരും മറ്റും പങ്കിട്ടെടുത്തതിന്റെ തെളിവുകൾ ഇ ഡി ശേഖരിച്ചിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.
Photo Courtesy - Google











